Saturday, 24 April 2010

     'വിനോദ' യാത്ര


ബസ്‌ യാത്ര മിക്കവാറും ദുരിതപൂര്‍ണമായിരിക്കും. ബസ്സിലെ തിക്കിനും തിരക്കിനും ഇടയില്‍ നേരെ നില്‍ക്കാന്‍ പോലും പ്രയാസമായിരിക്കും. ചില ട്രാന്‍സ്പോര്‍ട്ട് ബസ്സുകളില്‍ പിടിച്ചുനില്‍ക്കാനുള്ള കമ്പികളുടെ എണ്ണം പോലും കുറവായിരിക്കും. ഇതിനിടയില്‍ ഒരു സഡന്‍ ബ്രേക്ക്‌ കൂടിയായാല്‍ പിന്നെ ആകെ ബഹളം തന്നെ. ഈ യാത്രാ ദുരിതത്തിനിടയില്‍ കുറച്ചു തമാശകള്‍ നുഴഞ്ഞു കയറിയാലോ! കൊള്ളാം യാത്ര രസകരമായിരിക്കും
.

ഇനി കാര്യത്തിലേക്ക് കടക്കാം, അല്ല തമാശയിലേക്കു കടക്കാം. ക്ലാസ്സിലേക്കുള്ള പതിവ് ബസ്‌ യാത്ര, അന്ന് ബസ്സില്‍ പഴയ കണ്ടക്ടര്‍ അങ്കിള്‍ ആയിരുന്നില്ല. പകരം പുതിയൊരു ലേഡി കണ്ടക്ടര്‍. (ഈയിടെ ടെസ്റ്റ്‌ എഴുതി പാസ്‌ ആയ ഒരുപാടു യുവജനങ്ങള്‍ കണ്ടക്ടര്‍ തസ്തികയില്‍ പ്രവേശിച്ചിരുന്നു.) ജോലിയില്‍ മുന്‍ പരിചയം കുറവായിരുന്നതിനാല്‍ വളരെ പതുക്കെ ആണ് ടിക്കറ്റ്‌ നല്‍കുന്നത്. ബസ്സിലെ സ്ഥിരം യാത്രക്കാരില്‍ പലരും അവരുടെ ബുദ്ധിമുട്ട് മനസിലാക്കി വളരെ സഹകരിച്ചാണ് നിന്നത്. ഇടക്ക് വച്ച് ബസ്‌ പതിവ് തെറ്റിച്ചു പാപ്പനംകോട് ഡിപ്പോയില്‍ കയറ്റി നിര്‍ത്തി. കണ്ടക്ടര്‍ ബസില്‍ നിന്നിറങ്ങി ഓഫീസിലേക്ക് പോയി. ഈ സമയം ബസ്സിലെ ഒരു മുതിര്‍ന്ന സ്ത്രീ ബഹളം വച്ച് തുടങ്ങി . ജോലി മര്യാദക്ക് ചെയ്യാന്‍ അറിയില്ലെങ്കില്‍ വീട്ടില്‍ അടങ്ങി ഇരിക്കണം , പെണ്ണുങ്ങള്‍ക്ക് പറ്റാത്ത പണിക്കു പോകരുത് , മറ്റുള്ളവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ - ഇങ്ങനെ പലതും പറഞ്ഞ് അവര്‍ അമര്‍ഷം രേഖപ്പെടുത്തി. ഇത് കേട്ട് ബസ്സിലെ മറ്റു ചില സ്ത്രീകള്‍ ന്യായത്തിന്‍റെ പക്ഷം ചേര്‍ന്ന് അവരെ എതിര്‍ത്തു. ആദ്യമായി ജോലിയില്‍ കയറുമ്പോള്‍ ഇങ്ങനെ ഒക്കെ ഉണ്ടാവും എന്ന് പറഞ്ഞെങ്കിലും വഴക്കുതുടങ്ങി വച്ച സ്ത്രീയുടെ വായടക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ തമാശക്കാരനായ ഒരു മദ്യവയസ്ക്കന്‍ ഒറ്റ വാചകത്തില്‍ അവരുടെ വായടച്ചു.

"മുപ്പതിമൂന്ന് ശതമാനം സംവരണം കിട്ടിയിട്ടൊന്നും കാര്യമില്ല . ഇങ്ങനെ സ്ത്രീകള്‍ തന്നെ സ്ത്രീകള്‍ക്കിട്ടു പാര പണിതാല്‍ പിന്നെ സംവരണം കൊണ്ട് എന്ത് കാര്യം."
പിന്നെ പറയണോ പൂരം! ചിരിപ്പടക്കത്തിനു തിരി കൊളുത്തിയ പ്രതീതി....


മാസങ്ങള്‍ക്കുമുന്‍പ് ഇത്തരത്തില്‍ ഒരു ചിരിക്കു സ്കോപ് ഉണ്ടായിരുന്നു. അന്നത്തെ അവസ്ഥയില്‍ ചിരി അടക്കിപിടിക്കേണ്ടി വന്നു. ക്ലാസ്സ്‌ കഴിഞ്ഞു തിരികെ വരാനായി ബസ്സില്‍ കയറി. വലിയതിരക്കില്ല, പുറകിലുള്ള ലോങ്ങ്‌ സീറ്റില്‍ ഞാന്‍ ഇടം കണ്ടെത്തി. ബസ്‌ എടുക്കാറായപ്പോള്‍ രണ്ടു സ്ത്രീകള്‍ ഓടിക്കയറി, എന്‍റെ ഇരു വശത്തായി അവര്‍ ഇരുപ്പുറപ്പിച്ചു. ബസ്‌ എത്ര ചരിഞ്ഞാലും മറിഞ്ഞാലും എനിക്കൊന്നും സംഭവിക്കില്ല എന്ന് തോന്നി, കാരണം ആനകള്‍ക്കിടയില്‍ പെട്ട പൂച്ചയുടെ അവസ്ഥയിലായിരുന്നു ഞാന്‍. കയറിയത് മുതല്‍ അവര്‍ പരദൂഷണം പറഞ്ഞു തുടങ്ങി . ഇടയ്ക്കു വച്ച് അവരുടെ ശ്രദ്ധ ബസ്സിലെ ഒരു പെണ്‍കുട്ടിയുടെ മേല്‍ പതിഞ്ഞു. അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാനായി ബസ്സിന്‍റെ വാതിലിനടുത്തുള്ള (വാതിലെന്നു പറയാമെങ്കിലും അടക്കുവാനോ തുറക്കുവാനോ ഉള്ള സംവിധനം ഇല്ല ) കമ്പിയില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു ആ കുട്ടി. ഇത് കണ്ട പരദൂഷണക്കാര്‍ക്ക് പുതിയ വിഷയം കിട്ടിയ സന്തോഷം. പിന്നെ തുടങ്ങി -" വാതിലിനടുത്ത് വന്നു നില്‍ക്കുനതു കണ്ടില്ലേ, ബസ്‌ നിര്‍ത്തിയിട്ട് സീറ്റില്‍ നിന്ന് എണീറ്റാല്‍ പോരെ, ഇങ്ങനെയാണ് ഓരോന്ന് ബസ്സില്‍ നിന്ന് വീണു ചാവുന്നത്, കമ്പിയില്‍ മര്യാദക്ക് പിടിക്കുകയും ഇല്ല ."


ബസ്‌ യാത്ര തുടര്‍ന്നപ്പോള്‍ ചര്‍ച്ചയുടെ ആവേശവും കുറഞ്ഞു. എന്‍റെ ചെവിക്കു കുറച്ചൊന്നു വിശ്രമം കിട്ടി. എനിക്ക് വലതു വശത്തിരുന്ന സ്ത്രീ ചെറുതായൊന്നു മയങ്ങി. പെട്ടെന്നാണ് ബസ്‌ സഡന്‍ ബ്രേക്ക്‌ ഇട്ടത്. എല്ലാരും വീഴാന്‍ പോയെങ്കിലും നന്നായി പിടിച്ചിരുന്നത് കാരണം ഒന്നും സംഭവിച്ചില്ല. മയക്കത്തിലായിരുന്ന പരദൂഷണക്കാരിക്ക് കമ്പിയില്‍ പിടിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ബസ്സിലുള്ള എല്ലാവര്‍ക്കും മുന്നില്‍ നന്നായിട്ടൊന്നു മുട്ട് കുത്തി നമസ്കരിച്ചു. ബസ്‌ കുറച്ചൊന്നു ചരിഞ്ഞിരുന്നെങ്കില്‍ അവര്‍ വാതിലിലൂടെ പുറത്തു പോകുമായിരുന്നു. എനിക്ക് ശരിക്കും ചിരി പൊട്ടി , പക്ഷെ മറ്റുള്ളവരുടെ വേദന കണ്ടു ചിരിക്കുന്നത് ശരിയല്ലല്ലോ . ഏതായാലും പഴമൊഴി തെററിയില്ല - അവനവന്‍ കുഴിച്ച കുഴിയില്‍...