Thursday, 23 September 2010

                   ചരിത്രത്തിലേക്കുള്ള ചൂളംവിളി 


            "പുനലൂര്‍ മുതല്‍ ചെങ്കോട്ട വരെ പണ്ട് മീറ്റര്‍ ഗേജ് പാളത്തിലൂടെ ട്രെയിന്‍ ഓടിയിരുന്നു " ഈ വരികള്‍ ഇനി ചരിത്രതാളുകളില്‍ കാണാം. കേരളത്തിലെ അവസാനത്തെ മീറ്റര്‍ ഗേജ് യാത്രയും നിര്‍ത്തലാക്കിയാതോടെ ഇന്ന് മീറ്റര്‍ ഗേജിലൂടൊരു യാത്ര നടക്കാത്തൊരു സ്വപ്നം മാത്രം. 
                        ഒരു കാലത്ത് ബ്രിട്ടിഷുകാര്‍ അവരുടെ കച്ചവടാവശ്യത്തിനായി പണിത റെയില്‍ പാത പില്‍ക്കാലത്ത്  നാട്ടുയാത്രക്ക് ഉപകാരപ്പെട്ടു. ഇന്നിതാ ആ മീറ്റര്‍ ഗേജ് പാത മെച്ചപെട്ട യാത്രാ സൗകര്യത്തിനായി വഴിമാറിയിരിക്കുന്നു. 
                           മീറ്റര്‍ ഗേജ് പാളത്തിലൂടെയുള്ള അവസാനത്തെ യാത്രയില്‍ പങ്കുകൊള്ളന്‍ കഴിഞ്ഞില്ല എങ്കിലും  കൂട്ടുകാരോടൊപ്പം  തെന്മല സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായ പതിമൂന്നു കണ്ണറ പാലം കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു.

Tuesday, 21 September 2010


                       കള്ളന്‍ പിന്നേം തേക്കില്‍ തന്നെ


                              പത്രം വായിച്ചപ്പോള്‍ അതിശയം തോന്നി , കണ്മുന്നില്‍ കണ്ട കാര്യം ഒന്ന് , അച്ചടിച്ച്‌ വന്നത്  വേറൊന്ന് ! ഇങ്ങനെ ആയിരിക്കുമോ എല്ലാ വാര്‍ത്തകളും ? ഒന്നര മണിക്കുറോളം നാട്ടുകാരെ പ്രകോപിപിച്ചുകൊണ്ട് മരം ചാടിനടന്ന കള്ളനെക്കുറിച്ച്  വന്ന വാര്‍ത്ത‍ തികച്ചും വ്യത്യസ്തം . 


                              നാട്ടുകാര്‍ വളഞ്ഞിട്ട് പിടികൂടാന്‍ ശ്രമിച്ചെങ്കിലും കള്ളന്‍ തേക്കില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. അടുത്ത് തന്നെ  പോലീസ് സ്റ്റേഷന്‍ ഉണ്ടായിരുന്നിട്ടും അവര്‍ എത്താന്‍ ഒരുമണിക്കൂര്‍ എടുത്തു. കള്ളനെ താഴെ ഇറക്കാന്‍ ഒരുപാട്  ശ്രമിച്ചെങ്കിലും നടന്നില്ല. ഇറങ്ങുവാന്‍ ഭാവിക്കുമെങ്കിലും വീണ്ടും കയറും. ഫയര്‍ ഫോഴ്സ് എത്തി ;  തേക്കില്‍ കയറാന്‍ ശ്രമിച്ചുഎങ്കിലും നടന്നില്ല. കയറാന്‍  ശ്രമിച്ചവരെ ഒക്കെ കള്ളന്‍ ആക്രമിച്ചു. ഒടുവില്‍ ഹെല്‍മെറ്റ്‌ ധരിച്ച് വീണ്ടും ഒരു ശ്രമം നടത്തി . അതോടെ  രണ്ടും കല്‍പിച്ച്‌ കള്ളന്‍ താഴേക്ക്‌ ചാടി , നാട്ടുകാര്‍ കൈകാര്യം ചെയ്തെന്നു പറയേണ്ട ആവശ്യം ഇല്ലല്ലോ.
                               പ്രശ്നം അതല്ല. വാര്‍ത്ത‍ എപ്പൊഴും നേരില്‍ കണ്ട് എഴുതാന്‍ പറ്റി എന്ന് വരില്ല , കേട്ടറിഞ്ഞ വിവരം അന്വേഷിച്ചു ഉറപ്പു വരുത്തുവാനെ കഴിയു. പക്ഷെ നമുക്ക് കിട്ടുന്ന വാര്‍ത്ത‍ എത്രത്തോളം ശരിയാണെന്ന് നോക്കേണ്ടത് നമ്മുടെ കടമയല്ലേ? ഇനി 'ടൈം ലിമിറ്റ് ' ആണോ കാരണം? അറിയില്ല. 
                       

Friday, 10 September 2010

                  തിരിച്ചറിയല്‍ വിശേഷം 
                          തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രമാണിച്ച് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം തകൃതിയായി നടക്കുകയാണ്. തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ കണ്ടാല്‍ ആളെ തിരിച്ചറിയില്ല എന്ന്  പൊതുവേ ഒരാക്ഷേപം കേട്ടിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡിലെ എന്നെ കണ്ടാല്‍ തിരിച്ചറിയുമോ എന്നറിയാന്‍ എനിക്ക് ഒരാഗ്രഹം. അങ്ങനെ തിരിച്ചറിയല്‍ കാര്‍ഡിനുള്ള  അപേക്ഷ നല്‍കുവാന്‍ ഞാനും പോയി ; രാവിലെ മുതല്‍ വൈകുന്നേരം വരെ പൊരി വെയിലില്‍ ക്യു നിന്നു . നമ്മള്‍  സമര്‍പ്പിച്ച രേഖകളില്‍ ഉള്ള ചെറിയ അക്ഷര തെറ്റുകള്‍ പോലും പരിഗണിക്കാനാവില്ല എന്ന് അവിടെ നിന്നും കേട്ടറിഞ്ഞു . അത് കൊണ്ട് കയ്യിലുള്ള രേഖകള്‍  നല്ലവണ്ണം പരിശോധിച്ചിട്ടാണ് നല്‍കിയത് .

                                തിരിച്ചറിയല്‍ കാര്‍ഡ് കിട്ടുന്ന ദിവസത്തിനായി ഞാന്‍ കാത്തിരുന്നു . അങ്ങനെ ആ ദിവസം വന്നു . അന്ന് ഞാന്‍ ക്ലാസ്സ്‌ കഴിഞ്ഞ് വില്ലജ്  ഓഫീസിലേക്ക് ഓടി ; ഒരുമിനുട്ട് വൈകിയിരുന്നെങ്കില്‍ കാര്‍ഡു കിട്ടാന്‍ ഒരുദിവസം കൂടി കാത്തിരിക്കേണ്ടി വന്നേനെ . അവിടെ ഉള്ള കെട്ടുകളില്‍ നിന്നും ഒരുകെട്ട്‌ കാര്‍ഡ് തന്നിട്ട് അതില്‍ നിന്നും എന്‍റെ കാര്‍ഡ് എടുത്തുകൊള്ളുവാന്‍ എനിക്ക് അനുവാദം കിട്ടി . കൈയ്യില്‍  കിട്ടിയ കാര്‍ഡുകളിലെ ഫോട്ടോസ് ഞാന്‍ നോക്കി ; വല്യകുഴപ്പമില്ല.                                                                            
                                      
                                ഒടുവില്‍ എന്റെ കാര്‍ഡ് കിട്ടി , ഞാന്‍ നോക്കി , ഫോട്ടോ....... തിരിച്ചറിയാന്‍ കുഴപ്പം ഉണ്ടെങ്കിലും ..... ഹും..... കുഴപ്പമില്ല . എനിക്ക് സന്തോഷമായി . പക്ഷെ ആ സന്തോഷം പെട്ടെന്ന് മാഞ്ഞു , അവര്‍ എന്‍റെ അച്ഛന്‍റെ പേര് മാറ്റിയിരിക്കുന്നു . ഞെട്ടലോടെ ഞാന്‍ തുടര്‍ന്ന് വായിച്ചു . ഞാന്‍ വീണ്ടും ഞെട്ടി , നല്ലോണം ഞെട്ടി ; ഞാന്‍ ആണ്‍കുട്ടിയാണത്രെ ! 
                                       
                                 ഇതിനെ തിരിച്ചറിയല്‍ കാര്‍ഡ് എന്ന് വിളിക്കണോ അതോ.....................?